Wednesday, April 21, 2021

ലോജിക്കില്ലാത്ത ലോക് ഡൗൺ



പ്രിയമുള്ളവരെ,

ജീവിക്കാൻ താല്പര്യമുള്ളവരുടെമാത്രം ശ്രദ്ധയ്ക്ക്

കഴിഞ്ഞ ഒന്നരവർഷംകൊണ്ട് ഏതാണ്ട് ലോകമൊട്ടുക്കുള്ള മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം സാരമായി ബുദ്ധിമുട്ടിച്ചുകൊണ്ടും ജീവൻ അപഹരിച്ചുകൊണ്ടും നിർത്താതെ, പൂർവ്വാധികം ശക്തിയോടെ ഇന്നും താണ്ഡവമാടിക്കൊണ്ടുമിരിക്കുന്ന കൊറോണ എന്ന രോഗമുണ്ടാക്കുന്ന കോവിഡ് എന്ന വൈറസ്സ്നെക്കുറിച്ചും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ചും വളരെയധികം ബോധവാന്മാരാണ് ഇന്ന് നാമെല്ലാം.

രോഗം വരാതെ ജീവിക്കാൻ നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി അത്യന്താപേക്ഷിതം എന്ന വലിയൊരു പാഠം നാമേവരും ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞു. പ്രതിരോധശക്തി ലഭി ക്കാൻ പോഷകാഹാരങ്ങൾ സഹായിക്കും എന്നും രോഗാണുക്കളിൽനിന്ന് സുരക്ഷിത രാകാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും പഠിച്ചു. അനാവശ്യമായ ഉൽക്കണ്ഠയാൽ ഉളവാ കുന്ന ഭയം നമ്മുടെ പ്രതിരോധശക്തി ചോർത്താൻപോന്നതാണ് എന്നതും മനസ്സിലാക്കി. ആ സ്ഥിതിക്ക് ഇനി രോഗാണുവിൽനിന്നു സുരക്ഷിതരായി ജീവിക്കുക എന്നതല്ലേ വിവരവും വിവേകവുമുള്ള മനുഷ്യവർഗ്ഗത്തിൽപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും കടമ.

സർവ്വരോഗങ്ങളിൽനിന്നും ആവോളം സുരക്ഷിതരായിരുന്ന് നമ്മുടെ ജീവൻ രക്ഷിക്കുക എന്നതായിരിക്കട്ടെ ഏവരുടെയും ലക്ഷ്യം. കാരണം ആരോഗ്യമുള്ള ശരീരത്തിലേ ആത്മാവിനു സുഖമുണ്ടാവൂ. അതുതന്നെയാണ് നമ്മുടെ ആത്മാവിനോട് നാം ചെയ്യേണ്ടതായ ഏറ്റവും ശ്രേഷ്ഠമായ ധർമ്മവും.

അതിനായി നാം ചെയ്യേണ്ടത് :

1. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.

2. പുറത്തിറങ്ങേണ്ട അത്യാവശ്യഘട്ടങ്ങളിൽ അണുമുക്തസുരക്ഷ ഉറപ്പുവരുത്തുക.

3. പോഷകമൂല്യമുള്ള പച്ചക്കറികളും മറ്റും ഉള്ള സ്ഥലങ്ങളിൽ സ്വയം നട്ടു വളർത്തുക.

4. മിതമായി ഭക്ഷിക്കുക.

5. ധാരാളം വെള്ളം കുടിക്കുക.

6. ആവശ്യമായ വ്യായാമങ്ങൾ ചെയ്യുക.

7. ദിവസവും 8 മണിക്കൂർ ഉറങ്ങുക.

8. ഉദയത്തിനുമുമ്പേ എഴുന്നേൽക്കുക

9. രാവിലേയുള്ള കുളി ശീലമാക്കുക.

10. കൊറോണയുടെ വാർത്തകൾ തേടിപ്പോകാതിരിക്കുക.
അതുമൂലം നമ്മുടെ മനസ്സിൽ ഭയമുണ്ടാക്കും.
ആ ഭയം നമ്മുടെ ശരീരത്തെ ബലഹീനമാക്കും.

ഇത്രയൊക്കെ ശ്രദ്ധിക്കുക എന്നതാണ് ശരിക്കുള്ള ഭക്തി. ഈ സമയത്തു് ഇത്തരം ഭക്തിയാണ് ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഒന്ന് മനസ്സിലാക്കുക. ദൈവം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിലെ ആത്മചൈതന്യമാണ്. അതുകൊണ്ടു നാം അമ്പലത്തിൽ പോയില്ലെങ്കിലോ വഴിപാടുകൾ നടത്തിയില്ലെങ്കിലോ ഉത്സവങ്ങൾ കണ്ടില്ലെങ്കിലോ ദൈവം നമ്മെ ഒരിക്കലും ശിക്ഷിക്കാൻ പോകുന്നില്ല. മറിച്ചായാലാണ്‌ ‌ ശിക്ഷിക്കപ്പെടാൻ സാദ്ധ്യത.

വെറും കൊറോണകാരണം മാത്രമാണോ മരണം സംഭവിക്കുന്നതിവിടെ. ഒന്നാലോചിച്ചു നോക്കൂ. മറ്റുള്ള എത്രയോ രോഗങ്ങളാലും, അപകടങ്ങളാലും പീഡനങ്ങളാലും കൊലപാത
കങ്ങളാലും ആത്മഹത്യകളാലും ഇവിടെ മരണം സംഭവിക്കുന്നില്ലേ? ജനനം എന്നതു പോലെതന്നെ മരണവും ഒരു പ്രപഞ്ചസത്യമാണ്. അതിന് അറിഞ്ഞുകൊണ്ട് നാമൊരിക്കലും കരണക്കാരാകാതിരിക്കുക എന്നുമാത്രമേ നമ്മളാൽ ചെയ്യാൻ കഴിയൂ എന്ന സത്യം വിസ്മരിക്കാതിരിക്കുക.

നാടിന്റെ പുരോഗതിയിലൂടെ പ്രസിദ്ധിയാർജ്ജിക്കുവാൻമാത്രം ലക്ഷ്യമിടുന്ന സർക്കാർ കോവിഡ് പ്രോട്ടോകോൾ നിയമമെന്നപേരിൽ ലോജിക്കില്ലാത്ത ലോക്ഡൗൺ നിയമം പ്രഖ്യാപിച്ച് ജനഹൃദയങ്ങളിൽ കോമാളിയാകുന്നതിന് ദൃക്‌സാക്ഷികളാണ് ഈയിടെയായി നാമേവരും. അതുകൊണ്ടു ദയവായി പൊതുജനങ്ങളായ നമ്മുടെ കൈയിലാണ് നാടിൻറെ സുരക്ഷിതത്വം എന്നത് ഒരിക്കലും വിസ്മരിക്കാതിരിക്കുക.

ഉറച്ച വിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയും നാം തെരഞ്ഞെടുത്ത നന്മയുടെ പ്രതിനിധികൾ നാടു ഭരിക്കുമ്പോൾ, ജനസേവകർ ആണെന്ന കാര്യം അവർ മറന്നുപോകുന്ന സന്ദർഭത്തിൽ ജനങ്ങൾ സ്വയം സേവകരാവുക. അവർക്കു താല്പര്യവും സാമ്പത്തികമെച്ചവും കിട്ടുന്ന മേഖലകൾ അവർ തുറക്കട്ടെ. അതവരുടെ കാര്യം. നമ്മളെ രക്ഷിക്കുവാൻ നമ്മൾമാത്രം എന്ന ചിന്ത ഓരോ മനസ്സുകളിലും ഉണർന്നു പ്രവർത്തിക്കട്ടെ. ഒഴിച്ചുകൂടാനാവാത്ത അത്യാവശ്യങ്ങൾക്കുമാത്രം നാം പുറത്തിറങ്ങുക.

നാട്ടിലെ നിയമങ്ങളും ശിക്ഷാവ്യവസ്ഥകളും ചാനലുകാരുടെ വരുമാനത്തിനെ ആശയിച്ചു മാറിയും മറിഞ്ഞും പൊതുജനത്തെ ഭ്രാന്തരാക്കുകയേയുള്ളൂ. കുറ്റകൃത്യങ്ങൾക്കനുസരിച്ചുള്ള ശിക്ഷാനടപടികൾ നിയമത്തിലുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാതെ ഒരു കുറ്റകൃത്യവും ഇവിടുന്നു മായുകയില്ല. അതുപോലെതന്നെയാണ് ജനങ്ങളുടെ രോഗാവസ്ഥയും. അത് മാറുന്നതിനേക്കാൾ മാറാതിരിക്കലാണ് നാടിനു മെച്ചമുണ്ടാക്കുന്നത്. അതുകൊണ്ട് നമുക്കു വേണ്ടി നാം കരുതലെടുക്കുക.

"ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

"അണുവിമുക്തദേഹസൗഖ്യം ഭവ"

പ്രാർത്ഥനാപൂർവ്വം,
ദേവി നെടിയൂട്ടം.

No comments:

Post a Comment

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...