Tuesday, June 22, 2021

കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ല്






നാട്ടിനിറുത്തിയ പൊന്നാലിലക്കുടകള്‍പോലെയുള്ള കമുകുകള്‍, തെങ്ങുകള്‍, പടര്‍ന്നുപന്ത
ലിച്ചുനില്ക്കുന്ന മാവുകള്‍, പ്ലാവുകള്‍, കറുത്ത പൊന്നുവിള യിക്കുന്ന കുരുമുളകുവള്ളികള്‍, പച്ചപ്പന്തല്‍ വിരിച്ച കുടപ്പനകള്‍, എല്ലാം കര്‍ഷകന്‍റെ വിയര്‍പ്പുഫലം. കര്‍ഷകഭാരതത്തിന്‍റെ മനോഹാരിത അതിന്‍റെ പൂര്‍ണയളവില്‍ ആസ്വദിക്കണമെങ്കില്‍ ഇവിടത്തെ പറമ്പുകളും പാടങ്ങളും കാണണം. കുളിരുപാകുന്ന വാഴ, ചേന, ചേമ്പ്, പാവല്‍, കോവല്‍ മുതലായവ നിറഞ്ഞതാണ്‌ പറമ്പുകള്‍. ഇളംപച്ച കമ്പിളി പുതച്ച നെല്പാടങ്ങളും, ഗോതമ്പുവയലുകളും, കരിമ്പിന്‍ തോട്ടങ്ങളും ഗ്രാമങ്ങളുടെ മനോഹാരിത കൂട്ടി നിലകൊള്ളുന്നു. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ കര്‍ഷക ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ നമറിയാതെ പറഞ്ഞുപോകുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണെന്ന്. പ്രകൃതിയുടെ ഏറ്റവും വലിയ ദാനമാണ് ഭൂമിയിലെ ഭലഭൂയിഷ്ഠമായ മണ്ണ്.

പ്രത്യേകിച്ച് ഈ കൊറോണകാലത്ത്‌ ജോലി നഷ്ടപ്പെട്ട അനേകം ആളുകൾക്ക് ജീവിതമാർഗമായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉത്തമമായ വരുമാനമാർഗം കൂടെയാണ് കൃഷി. അന്യനാടുകൾ വിഷം തളിച്ചുണ്ടാക്കുന്ന പച്ചക്കറികളും ധാന്യങ്ങളും ഉപേക്ഷിച്ച് സ്വദേശത്തു വിളയുന്ന അമൃതഭക്ഷണം നമ്മുടെ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കും. ഒഴിഞ്ഞുകിടക്കുന്ന ഭൂമി നാട്ടിലെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ആളുകൾക്ക് കൃഷിചെയ്യുവാനായി അനുവദിച്ചു കൊടുക്കുകയാണെങ്കിൽ, അവയൊക്കെ വിളനിലമാകുകയാണെങ്കിൽ സർക്കാരിന് ഇറക്കുമതിച്ചിലവും കുറവാക്കാം.

ഒരിക്കല്‍ ഒരു രാജാവ് ജനങ്ങളുടെ ക്ഷേമവിവരങ്ങള്‍ നേരിട്ടറിയുവന്‍ നാടുനീളേ ചുറ്റിത്തിരിയുകയായിരുന്നു. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ ഒരു വൃദ്ധകര്‍ഷകന്‍ വീടിനു മുന്‍വശത്ത് എന്തോ കുഴിച്ചുവയ്ക്കുന്നതുകണ്ട് രാജവുകുതിരപ്പുറത്തു നിന്നിറങ്ങി എന്തു ചെയ്യുകയാണെന്ന് ആ വൃദ്ധനോട് അന്വേഷിച്ചു. ഒരു മാവുനടുകയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് എന്തു പ്രായമുണ്ടെന്നു ചോദിച്ചു. “എണ്‍പതു വയസ്സ്.” അയാള്‍ പറഞ്ഞു. വീണ്ടും രാജാവു തിരക്കി, ”ഈ മാവു കായ്ക്കാന്‍ എത്രകാലം വേണം ?” അയാള്‍ പറഞ്ഞു. ”പത്തു വര്‍ഷം.

രാജാവിന്‍റെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന യുക്തി മനസ്സിലാക്കിയ കര്‍ഷകന്‍ ചുറ്റും വളര്‍ന്നുനില്‍ക്കുന്ന ഫലവൃക്ഷങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “തിരുമേനി, ഈ നില്ക്കുന്ന വൃക്ഷങ്ങളൊന്നും ഞാന്‍ നട്ടു വളര്‍ത്തിയവയല്ല. എന്‍റെ പൂര്‍വികന്മാരാണ് ഇവ വച്ചുപിടിപ്പിച്ചത്. ഞാന്‍ അതിന്‍റെ കായ്കനികള്‍ പറിച്ചെടുക്കുന്നുവെന്നുമാത്രം. ഞാനും എന്‍റെ പൂര്‍വികരെപ്പോലെ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കുമായി ഈ മാവും അതുപോലെ മറ്റുവൃക്ഷ
ങ്ങളും നടുന്നു. പണിയെടുക്കുന്നവന് പ്രായം ഒരുപ്രശ്നമല്ല.”

രാജാവ് ഒരു പണസഞ്ചി ആ കര്‍ഷകനുകൊടുത്തിട്ട് കടന്നുപോയി.

ആ കര്‍ഷകന്‍റെ പ്രവൃത്തിയും നല്ലത്, മനസ്സും നല്ലത്. തനിക്കും താന്‍ കാണാത്ത തലമുറകള്‍ക്കും വേണ്ടിയുള്ളതാണ് കര്‍ഷകന്‍റെ അദ്ധ്വാനം. അയാള്‍ നട്ടുപിടിപ്പിക്കുന്ന ഫലവൃക്ഷങ്ങള്‍ അടുത്ത തലമുറയ്ക്കും പ്രയോ ജന പ്പെടുന്നു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കാന്‍, ദൈവം ആദിമനു ഷ്യനായ ആദത്തോടുപറഞ്ഞതായി ബൈബിളില്‍ കാണാം.

ഭാരതം ഒരു കര്‍ഷകരാജ്യമാണ്. ഭാരതസമൂഹം ഒരു കര്‍ഷകസമൂഹവും. കൃഷിയെപ്പോലെ ഇത്രയ്ക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി നിര്‍വഹിക്കപ്പെടുന്ന മറ്റൊരുതൊഴിലില്ല. വിളയുന്ന വിളവിലുള്ള കര്‍ഷകന്‍റെ ആഹ്ളാദമാണ് ഇവിടത്തെ പല ഉത്സവങ്ങളും ആഘോഷങ്ങളും.

ഒരു കര്‍ഷകന്‍റെ ദൃഷ്ടിയില്‍ പൂക്കള്‍, അവയുടെ നറുതേന്‍നല്കി തേനീച്ചകളെയും പൂമ്പാറ്റകളെ
യും സല്‍ക്കരിക്കുന്നു. തേനീച്ചകള്‍ തേന്‍തുള്ളികള്‍ ശേഖരിച്ച് അറകളില്‍ സൂക്ഷിക്കുന്നു. പൂക്കള്‍, അവ ഇറുത്തെടുക്കുന്നവനും സുഗന്ധം നല്കുന്നു. അമ്പെയ്യുന്നവനുകൂടി കിളികൾ പാട്ടുപാടുന്നു. വെട്ടുന്നവനും മരങ്ങള്‍ തണലേകുന്നു. ദുഷ്ടനെന്നോ ശിഷ്ടനെന്നോ നോക്കാതെ സൂര്യന്‍ എല്ലാവര്‍ക്കും വെളിച്ചം നല്കുന്നു. ഇതെല്ലാം നോക്കിക്കാണുന്ന കര്‍ഷകന്‍റെയുള്ളില്‍ പരോപകരമാണ് പുണ്യമെന്ന ആശയം ലയിച്ചുചേരുന്നു.

സംസ്കാരങ്ങളുടെ പിറവിക്കും നിലനില്പ്പിനും ഹേതുവായിരിക്കുന്ന കാര്‍ഷികവൃത്തിയെയാണ് നാം ആദ്യം ആദരിക്കേണ്ടത്. വ്യവസായങ്ങള്‍ക്ക് അടിത്തറയിടാന്‍ കാര്‍ഷികമേഖല സഹായകമാകുന്നു. കാര്‍ഷികരംഗത്തെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ വ്യവസായത്തിനും കഴിയുന്നു. ചിന്തിച്ചു നോക്കിയാല്‍ നാടിന്‍റെ നട്ടെല്ല് കര്‍ഷകനാണെന്ന് നമുക്കുബോധ്യപ്പെടും.
.

No comments:

Post a Comment

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...