Monday, September 14, 2020

പ്രണയം വിവാഹത്തിലേക്ക് എപ്പോള്‍








നാമറിയാതെ നമുക്കു ചുറ്റും വലം വയ്ക്കുന്ന, ഒരിളം കാറ്റുപോലെ നമ്മെ പൊതിയുന്ന ലോലമായൊരാവരണമാണ് പ്രണയം. എപ്പഴോ തോന്നി പിന്നെപ്പഴും തോന്നുന്ന മറക്കാനാവാത്ത ഇഷ്ടമാണ് പ്രണയം. അറിയാതെ ഉള്ളിന്‍റെയുള്ളില്‍ ഒളിപ്പിക്കും വസന്തകാലനിത്യസുഗന്ധമാണ് പ്രണയം. ഇങ്ങനെ പ്രണയത്തെ മനസ്സിന്‍റെ ഭാവനയിലൂടെ എത്രവേണമെങ്കിലും വര്‍ണ്ണിക്കുവാന്‍ സാധിക്കും. ഭാവനാജനകമായമനസ്സുകളില്‍ ഉടലെടുക്കുന്ന ഒരുതരം രസകരമായ വിനോദവികാരംമൂലം ഒരാള്‍ക്ക് മറ്റോരാളില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ തോന്നുന്ന അനുരാഗമാകാം പ്രണയം. മൃഗങ്ങളേയും പക്ഷികളേയും പൂവിനേയും കാറ്റിനേയും പ്രകൃതിയേയും ഒക്കെ പ്രണയിക്കുന്നവരുണ്ട് ഇവിടെ. എന്നാല്‍ ലോകനിലനില്പിനായി ദൈവം നല്കിയ ഒരു വരദാനമാണ് പുരുഷന്‍ സ്ത്രീയിലും സ്ത്രീ പുരുഷനിലും സുഖംകണ്ടെത്തുക എന്ന പുണ്യമായ വികാരപ്രക്രിയ. ഈ പ്രക്രിയ വളരെ സുരക്ഷതയോടെ പ്രാഗല്‍ഭ്യമാക്കാന്‍ കാലം കാലമായി ആചരിച്ചുപോരുന്ന ഒരു മംഗളകര്‍മ്മമാണ് വിവാഹം. വിവാഹ ജീവിതത്തിന്‍റെ ആണിക്കല്ലാണ് പ്രണയം. പ്രണയം വിവാഹത്തിനു മുമ്പോ ശേഷമോ ആകാം. അതില്‍ തെറ്റൊന്നും ഉള്ളതായിതോന്നുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമോ,
സ്വാര്‍ത്ഥതയോ, സ്വന്തം മാതാപിതാക്കളിലുള്ള വിശ്വാസക്കുറവോ, പ്രായത്തിന്‍റെ ചപലതയോ മറ്റേതെങ്കിലും സാഹചര്യങ്ങളോ ഒക്കെയാവാം ഈ പ്രണയവിവാഹം ഉടലെടുക്കുവാനുള്ള കാരണങ്ങള്‍. അതെന്തും ആയിക്കൊള്ളട്ടെ. ഈ പ്രണയത്തെ എപ്പോഴാന് വിവാഹത്തിലേക്ക് എത്തിക്കേണ്ടതെന്ന് വളരെ ആഴമായി ചിന്തിച്ചുതന്നെ വേണം തീരുമാനമെടുക്കാന്‍. സ്‌നേഹം എന്ന ദൈവീകചൈതന്യം (ആത്മാര്‍ത്ഥത) കുടിയിരിക്കുന്ന ഹൃദയങ്ങളില്‍മാത്രമേ ശരിയായപ്രണയം ഉടലെടുക്കൂ എന്നത് നഗ്നമായ ഒരു സത്യമാണ്. പ്രണയിതാക്കളേ, നിങ്ങള്‍ പ്രണയിക്കൂ...പ്രണയിക്കൂ....പ്രണയിച്ചുകൊണ്ടേയിരിക്കൂ...പക്ഷേ അത് വിവാഹം എന്ന മംഗളകര്‍മ്മത്തിലേക്ക് എത്തിക്കുന്നതിനു മുമ്പ് താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംകണ്ടെത്തൂ. അതിനു ശേഷം മാത്രം തീരുമാനമെടുക്കൂ. കാരണം വിവാഹം എന്നത് കുറച്ചു നാളത്തേക്കു മാത്രമുള്ള ഒരു നേരമ്പോക്കല്ല, അത് നിങ്ങളുടെ ജീവിതത്തിലുടനാളം ഒരുമിച്ചു യാത്രചെയ്യാനുള്ള തുണയെ തിരഞ്ഞെടുക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ്. ജീവിതം എന്നത് വെള്ളത്തിലെ കുമിളപോലെ വീണുകിട്ടുന്ന ഒരു അസുലഭ സുവര്‍ണ്ണകാലം ആണ്. ഈ കാലത്തിന് എത്ര ദൈര്‍ഘ്യം ഉണ്ടാകുമെന്ന് ആര്‍ക്കും നിര്‍വചിക്കാനാവില്ല. അതുകൊണ്ടുതന്നെ ആ ചുരുങ്ങിയകാലഘട്ടത്തെ ഒരു പരീക്ഷണകാലമായി കാണാന്‍ ഒരിക്കലും ശ്രമിക്കരുത്.

പ്രണയിതാക്കൾ ഒളിച്ചോടാൻ ശ്രമിക്കുന്നത് വളരെയധികം റിസ്ക് ഉള്ള ഒന്നാണ്. അത്രയും നാൾ കൈ വളരുന്നോ കാൽ വളരുന്നോ എന്ന ആകാംക്ഷയോടെ സ്നേഹവും വിശ്വാസവും നല്കി നിങ്ങളെക്കുറിച്ചുള്ള ഒരായിരം മോഹങ്ങളുമായി വളർത്തിയെടുത്ത മാതാപിതാക്കളോട് കാണി ക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് പറയാതെയുള്ള ഒളിച്ചോട്ടം. നിങ്ങൾക്കൊരു കുഞ്ഞു പിറക്കുന്നതുവരെ നിങ്ങളറിയാതെ പോകുന്ന ഹൃദയവേദനയാണ് അത്. അതിൽ വരുന്ന ആകുലതയും അപമാനവും മാതാപിതാക്കൾ താങ്ങിയാലും ഈശ്വരൻ താങ്ങുകയില്ല. ജീവിതം എന്നത് കുട്ടിക്കളിയല്ല. നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിന് മുതിർന്നവരുടെ സപ്പോർട്ട് ആവശ്യമാണ്. ഈ ഒളിച്ചോട്ടത്തിൽ അത് പൂർണ്ണമായും നിങ്ങൾക്കു നഷ്ടമാവുകയാണ്. വളരെ ചുരുക്കം പേർക്കു മാത്രമേ അങ്ങനെയൊരു സപ്പോർട്ട് കിട്ടുവാൻ സാദ്ധ്യതയുണ്ടാവൂ. അങ്ങനെയൊരു തീരുമാനമെടുത്തിട്ടുള്ള പലരുടെയും ജീവിതം നരകതുല്യമായ അനുഭവമായി കണ്മുന്നിൽ കാണേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടു പറഞ്ഞുപോകുന്നതാണ്.

പ്രണയിച്ചു നടക്കുന്ന കാലങ്ങളില്‍ കുറഞ്ഞത് ഇത്രയെങ്കിലും ശ്രദ്ധിക്കൂ.

1. നിങ്ങളുടെയിടയില്‍ ആത്മപ്രശംസയോ അഹങ്കാരമോ വരുന്നുണ്ടോ...? ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും രണ്ടാളും മനസ്സില്‍ നിന്നും എന്നെന്നേക്കുമായി നീക്കി പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍ ആണെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.

2. അന്യോന്യം തമ്മില്‍ കുറ്റം ചുമത്തി കലഹിക്കാറുണ്ടോ....? ഉണ്ടെങ്കില്‍ പരസ്പരം തെറ്റുകുറ്റങ്ങളെ പൊറുക്കാനും സഹിക്കാനും ക്ഷമിച്ചു വിട്ടുകൊടുക്കാനും മനസ്സിനെ പരിശീലിപ്പിക്കുക.

3. അന്യോന്യം ഇഷ്ടാനിഷ്ടങ്ങളില്‍ വാഗ്വാദം ഉണ്ടോ...? .എങ്കില്‍ ഇഷ്ടങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാതെ വിട്ടുകൊടുക്കാന്‍ ശ്രമിക്കുക. കണ്ടാല്‍ ആഹിതം തോന്നാത്ത വിധം മനസ്സിനിണങ്ങിയ വസ്ത്രം ധരിക്കാനും ആരോഗ്യത്തിനു ഹാനി സംഭവിക്കാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കാനും മറ്റുമുള്ള നിങ്ങളുടെ രണ്ടാളുടേയും സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച്ചവന്നാല്‍ അതുസഹിക്കാനുള്ള മനപ്പക്വത നിങ്ങളില്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.

4. നിങ്ങളുടെ ജാതി, മതം, നിങ്ങള്‍ വളര്‍ന്നചുറ്റുപാട്, മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍, കുടുംബം മറ്റു വേണ്ടപ്പെട്ടവര്‍ ഇവയോക്കെ വേണ്ടിവന്നാല്‍ ത്യജിക്കാന്‍ നിങ്ങള്‍ തയ്യാറാണോ....? ഇതൊന്നും വേണ്ടിവന്നില്ലെങ്കില്‍ നല്ലത്. ഒരുപക്ഷേ വേണ്ടിവന്നാല്‍..., അതു സഹിക്കുവാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ എന്ന് നന്നായി ഉറപ്പുവരിത്തുക.

5. നിങ്ങള്‍ അന്യോന്യം ത്യാഗം സഹിക്കാന്‍ തയ്യാറാണോ....? അതായത് വിവാഹത്തിനുശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ പരസ്പരം ത്യാഗം സഹിക്കാന്‍ തയ്യാറാണോ എന്ന് മനസ്സിനോട് പലവുരു ചോദിച്ച് ഉറപ്പുവരുത്തുക. കാരണം അതേച്ചൊല്ലിയും ജീവിതത്തിലുടനീളം നിങ്ങളുടെയിടയില്‍ ഒരു പ്രശ്‌നം വന്നുചേരാന്‍ ഇടയായേക്കാം. ത്യാഗമനോഭാവം വിവാഹിതരാവാന്‍പോകുന്നവര്‍ക്ക് ഉണ്ടാവേണ്ട ഒരു മുഖ്യ ഗുണവിശേഷം ആണ്.

കുറഞ്ഞത് ഇത്രയുംകാര്യങ്ങളെക്കുറിച്ചെങ്കിലും മനസ്സില്‍ നന്നായി ഒരുവിശകലനം നടത്തിയശേഷംമാത്രമേ വിവാഹം എന്ന തീരുമാനത്തിലെത്താവൂ. ഇനിയും ഇതുപോലെ കുറേ ചെറിയചെറിയ വളരെ നിസ്സാരമെന്നു തോന്നിക്കുന്ന കാര്യങ്ങള്‍പോലും പരസ്പരം വിശകലനംചെയ്തുനോക്കേണ്ടതുണ്ട്. എല്ലാം ഒത്തുപോകുന്നു എങ്കില്‍ മാത്രം ആ പ്രണയം വിവാഹത്തിലേക്കെത്തിക്കുക. അല്ലാത്തപക്ഷം മുഴുമനസ്സോടെ രണ്ടാളും പരസ്പരം കൈകൊടുത്ത് നല്ല സുഹൃത്തുക്കളായി തുടരുക. ഒരിക്കലും ആ പ്രണയം വിവാഹത്തിൽ എത്തിക്കരുത്.

ഓര്‍മ്മിക്കുക. നിങ്ങളുടെ വിവാഹജീവിതം ഐക്യതയും സന്തോഷവും കൊണ്ടുസമൃദ്ധമാകുമ്പോള്‍ മാത്രമാണ് വിവാഹം ചെയ്തയച്ച നിങ്ങളുടെ മാതാപിതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ ആകുന്നത്. മറിച്ച് നിങ്ങളുടെ ബന്ധം തകര്‍ന്നുപോയാല്‍, മറ്റുബന്ധങ്ങളേയും പഴക്കവഴക്കങ്ങളേയും ആചാര മര്യാദകളേയും വേണ്ടപ്പെട്ടോരുടെ ഉപദേശങ്ങളേയും അതുവരെ ജീവിച്ചുപോന്ന എല്ലാമെല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം മക്കളുടെ ആഗ്രഹസഫലീകരണത്തിനു വേണ്ടിമാത്രം നിങ്ങളെത്തമ്മില്‍ ചേര്‍ത്തുവച്ച നിങ്ങളുടെ സ്വന്തം മാതാപിതാക്കളും വേണ്ടപ്പെട്ടവരും സ്വന്തബന്ധങ്ങളുടെ മാത്രമല്ല, ഈ ലോകത്തിന്‍റെ മുന്നില്‍ത്തന്നെ അപഹാസ്യരായിത്തീരും. നിങ്ങളെ സ്‌നേഹിച്ചും നിങ്ങള്‍ക്കു വേണ്ടി എന്തും സഹിച്ചും ത്യജിച്ചും വലിയ സ്വപ്നങ്ങള്‍ കണ്ടു വളര്‍ത്തയെടുത്ത മാതാപിതാക്കള്‍ക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാക്കി വെക്കുന്നതില്‍നിന്നും മോചിതരായിക്കൂടേ.

ഇതിന് അത്ര വലിയ സപ്പോർട്ടൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്ന് എനിക്ക് അറിയാമെങ്കിലും ഇതിവിടെ കിടക്കട്ടെ. ഒരുകുഞ്ഞിന്റെയെങ്കിലും മനസ്സ് ഇതു വായിച്ചു ശരിയാണെന്നു തോന്നിയാൽ അതെന്റെ തൃപ്തിയാണ്.

എല്ലാ കുഞ്ഞുങ്ങള്‍ക്കും ദൈവം നേര്‍വഴി കാണിച്ചു തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ......

നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട് ....

ദേവി നെടിയൂട്ടം

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...