
എന്റെ കാഴ്ചപ്പാടിൽ വീൽചെയർ നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെ. എത്ര ആരോഗ്യമായുള്ളവർക്കും പ്രായമറിയാൽ നടക്കുവാൻ ബുദ്ധിമുട്ടനുഭവിച്ചേക്കാം. അപ്പോൾ ഒരു വീൽചെയർ ഉണ്ടെങ്കിൽ നമുക്കും കൂടെനിന്നു നോക്കുന്നവർക്കും വളരെ ഉപകാരപ്രദം. സുഖമില്ലാതെ ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ ഈ വീൽ ചെയറിന്റെ സഹായം നമ്മെ പിന്തുടരും. എയർപോർട്ടിൽ വലിയ വലിയ മാളുകളിൽ ഒക്കെ പ്രായംചെന്നവർക്കും തീരെ ചെറിയ കുഞ്ഞുങ്ങൾക്കും വീൽചെയറിന്റെ ലഭ്യത വളരെ ആശ്വാസകരം.
ചക്രക്കസേര
ഉരുട്ടിയാലുരുളുന്ന ചക്രങ്ങളേ
നയിക്കുവാൻ കഴിവുള്ള മിത്രങ്ങളേ
കസേരകൾക്കിരുകാൽകളായ്നില്ക്കുകിൽ.
മലർത്തണൽവിരിയായി മാറും നിങ്ങൾ
ജനിക്കവേയിരുകാലുമില്ലാത്തവർ
ചലിക്കുവാനുതകാത്ത കാലുള്ളവർ
മനക്കരുത്തുടയാതെ കാത്തീടുവാൻ
കരംകൊടുത്തവരേയണയ്ക്കും നിങ്ങൾ.
ഒലിച്ചുപോയ് പ്രളയത്തിലെന്നാകിലും
ഭരിക്കുമീ ജനസേവകർ നല്കിടും
പലർക്കുമായ്ത്തിരിയും ജനസ്സേവനം
ചിലർക്കതിൽ വിജയങ്ങളേകും നിജം.
ജന്മനാ നടക്കാൻ വൈകല്യമുള്ളവർ, ഇടക്കാലവീഴ്ചകൾ സംഭവിച്ചു നടക്കാൻ ബുദ്ധിമുട്ടുന്നവർ, രോഗാവസ്ഥകൾ മൂർച്ഛിച്ചു നടക്കാൻ പറ്റാതെവന്നിട്ടുള്ളവർ തുടങ്ങിയ പ്രയാസകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു അത്താണിതന്നെയാണ് വീൽചെയർ. പ്രായമേറിയവരെ കൂടെ നിന്നു നോക്കുന്നവർക്കും വളരെ ആശ്വാസകരംതന്നെ ഇത്.
വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കേണ്ടിവരുന്നവർ പലരും മനസ്സുടഞ്ഞു വീട്ടിൽ ഒതുങ്ങുകയേ നിവർത്തിയുള്ളു എന്ന തീരുമാനത്തിലേയ്ക്കെത്തുന്നതാണ് അവരുടെ പരാജയം. പണ്ടും സർക്കാർ ഇങ്ങനെ വൈകല്യമുള്ളവർക്കായി സഹായങ്ങൾ ചെയ്തുവന്നിരുന്നു. വിദ്യാഭ്യാസം കുറവുള്ളവർ ലോട്ടറികച്ചവടം നടത്തുന്നതായിട്ടാണ് അധികവും കണ്ടിരുന്നത്. ടെലിഫോൺ ബൂത്തുകളിൽ ഇങ്ങനെയുള്ളവർക്കു ജോലി ലഭിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഇത് ഇന്റർനെറ്റിന്റെ കാലമല്ലേ. വീട്ടിൽതന്നെയിരുന്ന് നെറ്റിലൂടെ എത്ര യോ ജോലികൾ ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും നിരാശനാകാതെ ജീവിതം നയിക്കുവാനും സാധിക്കും. പരിതാപവും സഹതാപവും നിറഞ്ഞവാക്കുകളാലും പ്രവർത്തികളാലും അവരെ മറ്റുള്ളവർ തളർത്താതെ ആവുന്ന സഹായങ്ങൾ ചെയ്തുകൊടുത്താൽ അവരും ഉന്നതങ്ങൾ കീഴടക്കാൻ പ്രാപ്തരായവർതന്നെ എന്ന് മനസ്സിലാക്കാനാവും.
വിദേശങ്ങളിൽ ഈ വീൽ ചെയറിന്റെ പല മോഡലുകൾ കാണാൻ സാധിക്കും. അവിടെയുള്ള സ്ത്രീകൾ കുഞ്ഞുങ്ങളെ അതിലിരുത്തിയും കിടത്തിയും പോകുന്നതും ബുദ്ധിമുട്ടില്ലാതെ മാളുകളിൽ കറങ്ങുന്നതും വേണ്ടുന്ന സാധനങ്ങൾ വാങ്ങുന്നതും ഒക്കെ കാണുമ്പോൾ ഈ വീൽചെയർ മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഘടകം അല്ലേ എന്നെനിക്ക് തോന്നായ്കയില്ല. പ്രസവിച്ചുകിടക്കടക്കുന്ന പെണ്ണുങ്ങൾ ഒരുമാസംപോലും പ്രായമെത്താത്ത കുഞ്ഞുങ്ങളെ വീൽചെയറിൽ കിടത്തി സൗകര്യമായി മൂത്തകുട്ടിയെ സ്കൂളിൽ കൊണ്ടുവന്നാക്കി തിരിച്ചുപോകുന്നു നിത്യവും. വിദേശങ്ങളിൽ കുഞ്ഞുങ്ങൾക്ക് നല്കുന്ന പ്രാധാന്യം എന്നെ അതിശയപ്പെടുത്താറുണ്ട്. കുഞ്ഞുങ്ങളെ ബുദ്ധിമുട്ടില്ലാതെ വളർത്തിയെടുക്കാൻ ഏറെ സൗകര്യങ്ങളാണ് ഇവിടെ നൽകുന്നത്. നമ്മുടെ നാട്ടിലൊക്കെ ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്നു പറഞ്ഞു നടക്കുമെങ്കിലും അവർക്കുള്ള പ്രാധാന്യം വിദേശരാജ്യങ്ങളുടെ താരതമ്യം ചെയ്‌താൽ ഒരു ശതമാനംപോലുമില്ല എന്നുതന്നെ പറയാം.
എന്റെ ജീവിതത്തിൽ വീൽചെയറുമായുള്ള ഒരു ബന്ധം താഴെ കൊടുത്തിട്ടുണ്ട്..
മക്കളിൽ മൂത്തവൾ. മാതാപിതാക്കളുടെ കടിഞ്ഞൂൽ സന്താനം. അവരിട്ട കല എന്ന പേരുപോലെ അവൾ കലാലയത്തിൽ തിളങ്ങിനിന്നിരുന്ന ഒരു താരം മാത്രമായിരുന്നില്ല, അഗ്രഹാരത്തിൽ ഒരു തേജസ്സുറ്റ നിലവിളക്കായി ജ്വലിച്ചു നിന്നിരുന്നു. അവളുടെ ജീവിതം വീൽചെയറിൽ കുരുങ്ങിയ കദനകഥയാണ് വീൽ ചെയർ എന്നു കേട്ടാൽ ഓർമ്മയിൽ വരുന്നത്.
കുട്ടിയായിരുന്നപ്പോൾ അവൾ ഓടിനടന്നുഷാറായി ജോലികൾ ചെയയ്യുന്നതുകണ്ട് ആളുകൾ അവളെ ചാട്ടക്കുതിര എന്നാണ് വിളിച്ചിരുന്നത്.. പഠിപ്പിൽ മാത്രമല്ല, സ്പോർട്സിലും ഗെയിംസിലും എത്രയെത്ര സമ്മാനങ്ങൾ ആണ് വാങ്ങിക്കൂട്ടിയതെന്നോ. ശാലീനസുന്ദരി എന്ന പേരിനർഹയായിരുന്ന കലയുടെ വ്യക്തിത്വവും എടുത്തു പറയത്തക്കതായിരുന്നു.
ആരുടെ ദൃഷ്ടി പതിഞ്ഞുവോ ആവോ ആകസ്മികമായുണ്ടായ ഒരു വീഴ്ചയിൽ കലയുടെ ഇടുപ്പെല്ലുകൾക്കു സാരമായ പരിക്കേറ്റ് നടപ്പിന് ചെറിയ ആട്ടവും കുഴച്ചിലും അനുഭവപ്പെടാൻ തുടങ്ങി. അത് അത്ര കാര്യമാക്കിയില്ല.. ഫാഷൻ കാണിച്ചു നടക്കുന്നതാണെന്നു വീട്ടുകാരും കരുതി. കുറച്ചു വർഷങ്ങൾക്കുശേഷം അവൾ വീണ്ടും വീണു. ആ വീഴ്ചയിൽ ബുദ്ധിമുട്ടുകൾ അധികമായി. കുറേനാളുകൾ എണീറ്റു നടന്നതേയില്ല. ഉഴിച്ചിലും പിടിച്ചിലും മരുന്നും മന്ത്രവും ഒക്കെ അവളെ കൈയൊഴിഞ്ഞപ്പോൾ അവൾ ജീവിതത്തിലെ സ്വപ്നങ്ങളെയും കൈയൊഴിഞ്ഞു.
പഠിപ്പിൽ മിടുക്കിയായിരുന്ന അവൾ ബി എ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായശേഷം ആണ് തീരെ നടക്കാനാവാത്ത അവസ്ഥ അവളെ തീരാദുഖത്തിലാഴ്ത്തിയത്. ഒരു സഹകരണ ബാങ്കിൽ ജോലിക്കുചേർന്നുവെങ്കിലും അധികകാലം അവിടേ തുടരാൻ സാധിച്ചില്ല. അവിടെയും വീഴ്ചകൾ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു.
നടക്കാനുള്ള ശേഷി തീരെ നഷ്ടമായപ്പോൾ ജീവിതത്തോടുതന്നെ വെറുപ്പു കാണിക്കാൻ തുടങ്ങിയ അവളുടെ സങ്കടം കാണാൻ ആകാതെ അച്ഛൻ കുറച്ചു കുട്ടികളെ ട്യൂഷൻ എടുക്കാൻ കൊണ്ടുവന്നു കൊടുത്തു. അക്കാലത്താണ് വീൽചെയർ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി അവളോടിഴുകിച്ചേർന്നതും.
അതിന്റെ സഹായത്തോടെ പിന്നീട് അവൾക്ക് ചെറിയൊരു ശാന്തത കൈവന്നു. ഉറങ്ങാൻ നേരമില്ലാത്തതുപോലെ പഠിക്കാൻ കുട്ടികൾ എത്താൻതുടങ്ങി. കർക്കടകത്തിലെ കള്ളവെയിൽപോലെ കുറേശെ അവളുടെ മുഖത്തു സന്തോഷവും ചിരിയും ഇടയ്ക്കിടെ തെളിയുന്നതു കണ്ട് വീട്ടുകാരിലും ആശ്വാസത്തിന്റെ ഏറുവെയിൽ നിഴലിച്ചു. ഒരുപാടു പണം സമ്പാദിച്ചു. വീട്ടിൽ ഇരിക്കുകയാണെങ്കിലും അപ്പോഴത്തെ ട്രെന്റ് പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വാങ്ങി അനുഭവിച്ചു. ആ അവസ്ഥയിലും അവളെ കല്യാണം കഴിക്കാൻ തയാറായി ആളുകൾ വന്നിരുന്നു. പക്ഷേ അവൾ ഒട്ടും സമ്മതിച്ചില്ല. വീൽചെയറിൽ ജീവിതം നീന്തുന്നതിനിടയിൽ വേണ്ടത്ര ശാരീരികവ്യായാമം ലഭിക്കാതെ പ്രമേഹരോഗത്തിനടിമയായി അവൾ കാലതാസമില്ലാതെ അൻപത്തിനാലാമത്തെ വയസ്സിൽ ഈ ലോകത്തോടുതന്നെ വിടപറഞ്ഞു.
എന്തൊക്കെ കുറവുകൾ ഉണ്ടായാലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടുള്ള ജീവിതത്തിൽ നാം ആർക്കും ഭാരമാകാതെ നോക്കണം. ഈ സ്ഥലങ്ങളിൽ ആണ് വീൽചെയർ കൈകൊടുത്തു ഹീറോ ആയി വിലസുന്നത്.
പ്രളയത്തിൽ വീൽചെയർ നഷ്ടപ്പെട്ടവർക്ക് സർക്കാർ അത് നല്കുന്നു എന്നത് ഒരു കാരുണ്യത്തിന്റെ സേവനം. അഭിനന്ദനാർഹം !
വാനത്തു മിന്നിനില്ക്കും ഒരു തിളക്കമേറിയ നക്ഷത്രമായി മാറിയ ഈ കല മറ്റാരുമല്ല. എന്റെ മൂത്ത സഹോദരിയാണ്. വേർപാട് ഒരു തീരാദുഃഖംതന്നെ.