Sunday, February 24, 2019

ആത്മഹത്യ

ഓരോ വ്യക്തികളിലേക്കും കൂട്ടായ്മകളിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും ദേശത്തിലേക്കും ഒക്കെ വിരൽ ചൂണ്ടേണ്ടുന്ന മുഖ്യമായ വിഷയമായി മാറിയിരിക്കുന്നു ഇന്ന് ആത്മഹത്യ. അസൂയകൊണ്ടോ, അപകർഷചിന്തകൊണ്ടോ, ചപലമനസിൽ ഉരുത്തിരിയുന്ന വീണ്ടുവിചാരമില്ലാത്ത ബുദ്ധിശൂന്യതയുടെ തിക്തഫലമാണ് നിരാശകൾ. ഇങ്ങനെയുണ്ടാകുന്ന നിരാശകൾ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്നു.

ആത്മഹത്യ ഒരിക്കലും ഒന്നിനും ഒരു പരിഹാരമാവില്ല. അതുതന്നെയാണ് വാസ്തവമെങ്കിലും ഒന്നോ രണ്ടോ കാരണങ്ങൾകൊണ്ട് ആരും ജീവൻ വെടിയാൻ ധൈര്യപ്പെടുമെന്നെനിക്കു തോന്നുന്നില്ല. വേറൊരു മാർഗ്ഗവും മുന്നിലില്ലാതെ ഇരുളു പടർന്ന് വഴിമുട്ടുമ്പോൾ മനസ്സ് തേടുന്ന വിവരശൂന്യതയുടെ വിളനിലമായി ഇവിടെ നടന്നുപോകുന്നതാണ് ആത്മഹത്യകൾ മുക്കാൽ പങ്കും. ഒന്നിനും ഒരു പരിഹാരമാകാതെ പിറകിലുള്ള കുടുംബാംഗങ്ങൾക്ക് പേരുദോഷമായി അവസാനംവരെ അവശേഷിക്കുന്ന ഒരു കളങ്കത്തിൻറെ കറമാത്രമാണ് ഏതൊരു ആത്മഹത്യയ്ക്കും നല്കാനാകുന്നത്.

നമ്മുടെ അറിവോടെയോ ആവശ്യപ്രകാരമോ സംഭവിക്കാത്ത ഒന്നാണ് ജനനം.. അപ്പോൾ അതിലെ ജീവൻ നശിപ്പിക്കുവാൻ അവകാശമോ അധികാരമോ നമുക്കില്ല എന്ന പരമമായ സത്യം ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട്. വിവരവും വിവേകവും ഉള്ള മനുഷ്യജന്മം ഒരു വരദാനമാണ്. കിട്ടിയ ജീവിതം ഉള്ളതുകൊണ്ട് സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനുള്ള സമചിത്തതയാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ദുഖമുള്ളതുകൊണ്ടാണ് നാം സുഖത്തിന്റെ അനുഭൂതി അറിയുന്നതെന്ന സത്യം മനസ്സിലാക്കിയാൽ, നേരിടേണ്ടിവരുന്ന ദുഖങ്ങളെ അതിജീവിച്ചു സുഖത്തെ അനുഭവിക്കുകയാണ് വേണ്ടതെന്നുള്ളതും മനസ്സിലാക്കാനാകും.

നിർമല ഹൃദയരാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നവർ. ഒരു ദുർബ്ബലനിമിഷത്തിൽ തോന്നുന്ന ആ വികാരത്തിനടിമപ്പെട്ടുപോകാതെ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മനഃശക്തിയുള്ളവർക്കുമാത്രമേ കഴിയൂ. കൂടെ ജീവിക്കുന്നവരും കുടുംബവും സമൂഹവും ഒക്കെ ഈ വിഷയത്തിൽ എന്നും ജാഗരൂകരായിരിക്കേണ്ടതാണ്..

എന്നാൽ, അവരൊക്കെത്തന്നെയാണ് ഇവിടെ നടക്കുന്ന പല ആത്മഹത്യകളുടെയും പിന്നിലുള്ളത് എന്നതാണ് ഏറെ പരിതാപകരം.

ആദ്യം ഒരുപാട് അയവുകളോടെ ആരംഭിച്ചു പിന്നീട് അന്യായമായി അടിച്ചേൽപ്പിക്കുന്ന നിയമനിബന്ധനകൾപോലും പലപ്പോഴും ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. സത്യത്തിനും നീതിക്കും യാതൊരു വിലയും കൽപ്പിക്കാതെ തെളിവുകൾ മാത്രം സാക്ഷിയാക്കി നിയമം നടത്തുമ്പോൾ നിർമ്മലഹൃദയർ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അറിവിന്റെ അഭാവത്തിൽ ഒരിക്കൽ ഒരു വ്യക്തി ചെയ്തുപോയതും പിന്നീട് തിരുത്താവുന്നതുമായ ഒരു വാക്കിനെയോ പ്രവർത്തിയെയോ വീണ്ടുംവീണ്ടും ചൂണ്ടിക്കാണിച്ചു കുറ്റപ്പെടുത്തി മറ്റുള്ളവരാൽ മുറിവേൽക്കുന്നവരും ആത്മഹത്യാശ്രമം നടത്താറുണ്ട്.

പാരമ്പര്യമായുണ്ടാകുന്ന മാനസിക സംഘര്ഷങ്ങള്ക്കു പുറമെ നിരന്തരമായ കുറ്റാരോപണങ്ങളാലും മനുഷ്യമനസുകളിൽ അപകർഷതയുടെ വേരുകൾ മുളയ്ക്കാവുന്നതാണ്. ശരിയായ കൗൺസിലിംഗിലൂടെ ചുരുക്കം ചില മനസുകളെ അപകർഷതയുടെ ലോകത്തുനിന്ന് പുറത്തു കൊണ്ടുവരുവാൻ സാധിച്ചേക്കാം... പൂരിഭാഗം നിർമ്മലഹൃദയർക്കും സ്നേഹത്തോടെയുള്ള സമീപനം മാത്രമേ ഫലപ്രദമാകൂ. ശരിയും തെറ്റും വേർതിരിച്ചറിയുന്നവർ ശരികൾ ചെയ്യാൻ പ്രാപ്തരാണ്.. എന്നാൽ പ്രവർത്തികൾ തെറ്റായിപ്പോകുന്നവർക്കു പലപ്പോഴും ശരിയുടെ വശം അറിയായ്കയുമുണ്ടാകാം. അതു മനസിലാക്കാതെ അവരെ തെറ്റിദ്ധരിക്കുകയും ക്രൂരമായി അവരോടു സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതും ചിലപ്പോൾ മാനസികമായി അവരെ തളർത്തിയേക്കാം. അറിവും ക്ഷമയും ഉള്ള മനഃശക്തിയുള്ളവർ ഒന്നു വിട്ടുകൊടുത്ത് അവരെ ജീവിക്കുവാൻ അനുവദിക്കുകയാണ് വേണ്ടത്.

എന്തിലും ഏതിലും കുറ്റവും കുറവും കണ്ടുപിടിക്കാതെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ വളർത്തുക എന്നതാണ് ആത്മഹത്യാപ്രവണതയിൽനിന്ന് പിന്തിരിയാനുള്ള ഒരേയൊരു പരിഹാരം എന്നാണ് എന്റെ നിർദ്ദേശം.

എന്തും സഹിച്ചും ക്ഷമിച്ചും സ്നേഹത്തോടെയും സന്തോഷത്തോടെയും തനിയെ മരണം വന്നു വിളിക്കുവോളം ജീവിതം ജീവിച്ചുതന്നെ തീർക്കുവാൻ ഏവർക്കും ശക്തിയും ബുദ്ധിയും സർവ്വേശ്വരൻ കനിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ആശംസിക്കുന്നു....

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...