Wednesday, January 10, 2018

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ !

ഞാനാരെന്നറിയും മുന്നേ, എന്നെ സ്നേഹിച്ച ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്‍റെ അമ്മയും അച്ഛനുംഅവര്‍തന്നെയാണ് ഭൂമിയിലെ ആദ്യ സുഹൃത്തുക്കള്‍...അവരോളം ആത്മാര്‍ത്ഥതയുള്ള സൗഹൃദം ഇന്നുവരെ കണ്ടിട്ടുമില്ലാ...

എത്ര വേദനിപ്പിച്ചാലും തിരിച്ചു വൈരാഗ്യം മനസ്സില്‍ സൂക്ഷിക്കാത്ത എന്‍റെ ആത്മസുഹൃത്തുക്കള്‍. ഈ ഭൂമിയില്‍ ഞാന്‍ നല്ലവളായി ജീവിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മനസ്സുകള്‍. കാലത്തെ എഴുന്നേറ്റാല്‍ ദന്തശുദ്ധി വരുത്തുന്നതുമുതല്‍ ഇന്ന് ഞാന്‍ ചെയ്യുന്ന ഒരൊ പ്രവൃത്തികളുടെയും ഉറവിടം. നല്ല മനസ്സും, നല്ല ചിന്തകളും, നല്ല പ്രവൃത്തികളും വൃത്തിയും വെടിപ്പും ആരോഗ്യവും മുഖ്യമെന്നു പഠിപ്പിച്ചവര്‍. സമ്പത്ത് ജീവിക്കാന്‍ ആവശ്യമാണെങ്കിലും അതിനുവേണ്ടി അഭിമാനം പണയം വയ്ക്കരുതെന്നു പഠിപ്പിച്ചവര്‍. അങ്ങനെയങ്ങനെ ഈ ഭൂമിയില്‍ എത്രയോ അറിവുകള്‍ നല്കി എന്നെ ജീവിക്കാന്‍ പഠിപ്പിച്ചവര്‍. ജീവിതം എന്തെന്ന് മനസ്സിലാക്കിത്തന്നവര്‍. അമ്മയുടെ ശകാരവും അച്ഛന്‍റെ അടിയും പേടിച്ച് തെറ്റുകള്‍ ചെയ്യാതിരുന്നിരുന്നത് എത്രയോ ശരികളിലേക്കാണ് എന്നെ നയിച്ചിട്ടുള്ളത്.
ഒരു അമ്മയായതിനു ശേഷം മാത്രം ഞാന്‍ അറിഞ്ഞ സത്യമാണ് ഇവയെല്ലാം. അതിനു മുന്‍പ് എനിക്കിഷ്ടമില്ലാത്തത് പറയുമ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ടത് ഉണ്ടാക്കിയില്ലേല്‍ ഉണ്ണാതിരിക്കുമായിരുന്നു. ആശിച്ച വസ്ത്രം കിട്ടിയില്ലേല്‍ വഴക്കുണ്ടാക്കുമായിരുന്നു. വാശിയെടുക്കുമായിരുന്നു..എല്ലാത്തിനും മാപ്പ്...മാപ്പ്...മാപ്പ്...ഇന്നെന്നെ ശകാരിക്കുവാന്‍, ചുട്ട ചൂരല്‍കഷായം തരാന്‍ അമ്മേ..., അച്ഛാ...., നിങ്ങളീ ഭൂമിയിലുണ്ടായിരുന്നെങ്കില്‍ എന്നെന്‍റെ മനം കൊതിച്ചുപോകുന്നു...
അടികൊണ്ട് ഞാന്‍ മണ്ണിലിരുന്ന് കരയുമ്പോള്‍ ഒന്നിന്‍റെയും രണ്ടിന്‍റെയും മൂന്നിന്‍റെയും അഞ്ചിന്‍റെയും പൈസകള്‍ മാറിമാറി എന്‍റെ നേര്‍ക്കെറിഞ്ഞ് “ഈ പാട്ടു കൊള്ളാം, ശ്രമിച്ചാല്‍ ഒന്നൂടെ നന്നായിപാടാം” എന്നു പറഞ്ഞെന്നെ ദേഷ്യംപിടിപ്പിക്കുന്ന എന്‍റെ മൂത്താങ്ങളയെ അമ്മ വഴക്കുപറയുമായിരുന്നു.
“ഇന്ന് ഒരുപാടു കരഞ്ഞിട്ടുണ്ട്, ഇനിയും കൊച്ചിനെ ദേഷ്യം പിടിപ്പിക്കാതെടാ “ എന്നു പറഞ്ഞ്.
കുറ്റങ്ങള്‍ ചെയ്‌താല്‍ ദേഷ്യപ്പെട്ട് തെക്കോര്‍ത്തെ പുളിയുടെ വടിയുമായി തുള്ളിത്തുള്ളി എന്‍റെ അച്ഛന്‍ വരുന്ന ആ കാഴ്ച കണ്ണില്‍നിന്ന് മായുന്നില്ലാ...ഓര്‍മ്മയായി എന്നും കൂടെയുണ്ടെങ്കിലും ആമുഖങ്ങള്‍ കാണാനാകാതെ മനസ്സു വിങ്ങുന്നുണ്ട്..
അമ്മയ്ക്കും അച്ഛനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി എന്‍റെ സൗഹൃദം എന്ന കവിതയിലെ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

അമ്മയാണാദ്യമമ്മിഞ്ഞനല്കിയെന്‍
കൈപിടിച്ചുമ്മവച്ചെത്തിയ സൗഹൃദം
അത്രയും ശുദ്ധമാം മറ്റൊരു സൗഹൃദം
പാരിലിന്നോളവും കണ്ടതില്ലാ നിജം
പിന്നെയങ്ങച്ഛനും സോദരവൃന്ദവും
കൂട്ടിനായെത്തിയെന്‍ വീട്ടിലേ സൗഹൃദം
സ്കൂളിലങ്ങാദ്യമായ് ബാല്യകാലത്തിലെന്‍
ബാഹ്യലോകത്തിലേ സൗഹൃദം തേടിഞാന്‍
ഇന്നോളം കാണാത്തയെത്രയോ സൗഹൃദം
കുന്നോളം സ്നേഹവും നല്കിവരുന്നയീ
സൌഹൃദവൃന്ദമാം ഫേയ്സ്ബുക്കിലൂടെ
ഇന്നു പുതുക്കിടാമീ നല്ല സൗഹൃദം

കണ്ണീരൊപ്പാനായില്ലേലും കണ്ണീരിനു കാരണമാകാതിരിക്കാം.
ഒരുപാടു കൂട്ടുകാരില്ലേലും ഉള്ളവര്‍ക്ക് ഒരുപാടു സ്നേഹം നല്കാം.
എല്ലാത്തിലും എല്ലാരും ജയിച്ചോട്ടെ.....
എന്നാല്‍ സ്നേഹിച്ചു ജയിക്കാന്‍മാത്രം ആരെയും സമ്മതിക്കണ്ടാ...

ജലമില്ലെങ്കിൽ ഒന്നുമില്ല.

ലോക ജലദിനം ഓരോതുള്ളി ജലവും അമൂല്യം ജലമില്ലെങ്കിൽ ഒന്നുമില്ല. ഈ ജലദിനത്തിൽ ഒരു എളിയ സന്ദേശം. നാം പൈസ മുടക്കി വീടുവയ്ക്കാനൊരുങ്ങുമ്പോൾ ആദ്യം ...